കണ്ണൂർ: നബാർഡിന്റെ നേതൃത്വത്തിൽ കെയ്റോസിൽ വനിതാ സ്വയംസഹായ സംഘാംഗങ്ങൾക്കായി മത്സ്യ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണവും പരിശീലനവും ആസ്പദമാക്കിയുള്ള 15 ദിവസത്തെ എംഇഡി. പരിശീലന പരിപാടിക്ക് തുടക്കമായി. ടി.ഒ.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെയ്റോസ് ഡയറക്ടർ ഫാ. ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. നബാർഡ് കണ്ണൂർ ജില്ലാ വികസന മാനേജർ ജിഷി മോൻ പദ്ധതി വിശദീകരിച്ചു.
മത്സ്യവകുപ്പ് പ്രോജക്ട് ഓഫീസർ കെ. വൈദേഹി, കെയ്റോസ് ജനറൽ കോ-ഓർഡിനേറ്റർ കെ. വി. ചന്ദ്രൻ, കെയ്റോസ് എച്ച്ആർ മാനേജർ പി.ജെ. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. പരിശീലനത്തിന് ഷെഫ് മറീന മഹബൂബ് നേതൃത്വം നൽകും. സ്ത്രീകളിൽ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ നബാർഡും കെയ്റോസും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലനത്തിലൂടെ മൂല്യവർധിത മത്സ്യ ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പ്രായോഗികവും സൈദ്ധാന്തികവുമായ അറിവ് നൽകും.
പരിശീലനത്തിലൂടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുകയും നിർമിക്കുന്ന മത്സ്യ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ച് സ്ഥിരവരുമാനവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.